Thursday, December 7, 2006

വഴുതനങ്ങ പച്ച പുളി പച്ചടി.

കനല്‍ സൗകര്യം ഉള്ളവര്‍ വഴുതങ്ങ (വയല്‍റ്റ്‌) നിറമുള്ളത്‌/അല്ലെങ്കില്‍ വെള്ള നിറമുള്ളത്‌ ചുടുക നല്ലവണ്ണം.
ഈ വക ഒന്നും സൗകര്യമില്ലാത്തത്‌ കൊണ്ട്‌ ഞാന്‍ ഇത്‌ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ്‌ ഗ്യാസില്‍ കാണിയ്കും, അല്ലെങ്കില്‍ എണ്ണ പുരട്ടി ഓവനില്‍ വയ്കും.
ഇത്‌ ഒന്നുമല്ലെങ്കില്‍ എളുപ്പത്തിനു കുക്കറില്‍ വെള്ളമൊഴിയ്കാതെ തന്നെ വേവിച്ചെടുക്കുക,
എരിവു കൂടുതല്‍ വേണമെന്നുള്ളവര്‍ ഈ സമയത്ത്‌ 5/10 പച്ചമുളകും ഇട്ട്‌ വേവിയ്കുക.
(രണ്ടായി പകുത്ത്‌ വയ്കുന്നതാവും നല്ലത്‌, നമ്മടെ പുഴുമാപ്ലേനെ പിടിയ്കാം അപ്പോ)ചുടാറി തൊലി കളഞ്ഞ ശേഷം, കൈ കൊണ്ട്‌ നന്നായി ഒടയ്കുക.
(ഞാന്‍ ഉപ്പും മുളകും ഒക്കേനും തന്നെ കൈ കൊണ്ടാണു ഇടാറു. എന്നാലെ കണക്ക്‌ ശരിയാവൂ എന്ന തോന്നലാണു.)
ഒരു നെല്ലിക്ക വലിപ്പം പുളി, (വഴുതനങ്ങ 1/2 കിലോയുണ്ടെങ്കില്‍) നല്ലവണ്ണം കുഴമ്പ്‌ പരുവമാക്കുക, അധികം കട്ടി വേണ്ട, അധികം ലൂസും വേണ്ട.
ഒടച്ച്‌ വച്ചിരിയ്കുന്ന വഴുനങ്ങയില്‍ ഇത്‌ ഒഴിയ്കുക, ഉപ്പും കായവും കൂടി ഇട്ട്‌ ഇളക്കുക. (കായമിഷ്ടമുള്ളവര്‍ അധികം ഉപയോഗിയ്കുക, സ്വാദുണ്ടാകും.)

ഇനി ചീനച്ചട്ടി വച്ച്‌ ഇതിലേയ്ക്‌ ഈ (link) താളിയ്കല്‍ സാധനങ്ങള്‍ ചേര്‍ക്കുക. (വെളിച്ചെണ്ണയാണു നല്ലത്‌, പക്ഷെ എന്റെ വീട്ടില്‍ നല്ലെണ്ണയാണു ഉപയോഗിച്ചിരുന്നത്‌, രണ്ടും ചെയ്ത്‌ നോക്കുക).
ഈ ചീനച്ചട്ടിയിലേയ്ക്‌ പുളിയുമായി കൂട്ടി യോജിപ്പിച്ചിരിയ്കുന്ന വഴുതന്‍ മിശ്രിതം ഇട്ട്‌ ഒന്ന് ഇളക്കി കൂട്ടുക. തിളപ്പിയ്കണ്ട.

(വേണമെങ്കില്‍ ഉള്ളിയും മൊരിയിച്ചിടാം. എളുപ്പത്തിനു ഉണ്ടാക്കുന്ന കൂട്ടാന്‍ എന്നും പറഞ്ഞ്‌ ഉള്ളിയൊക്കെ ഉരിപ്പിയ്കണത്‌ അഗൈന്‍സ്റ്റ്‌ ദ റൂള്‍സ്‌...)

8 comments:

RP said...

നോര്‍ത്തിന്‍ഡ്യന്‍സ് വഴുതനങ്ങ കൊണ്ട് ഒരുപാട് കാര്യങ്ങളുണ്ടാക്കും...അതൊക്കെ കാണുമ്പോള്‍ നമ്മടെ മലയാളികള്‍ക്കിതൊന്നും എന്താ അറിയാത്തേന്ന് വിചാരിക്കാറുണ്ട്. ആകപ്പാടെ സാമ്പാറിലിടാനും മെഴുക്കുപുരട്ടിയുണ്ടാക്കാനുമേ എനിക്കറിയുള്ളായിരുന്നു. ഇവിടെ കിട്ടുന്ന വലിയ റ്റൈപ്പ് വഴുതന കൊണ്ടിത് പറ്റുമോ ആവോ? ഇന്‍ഡ്യന്‍ സ്റ്റോറില്‍ കിട്ടുന്ന കുഞ്ഞുവഴുതനയായിരിക്കും കൂടുതല്‍ രുചി.

ഉപ്പുമാ റെസിപ്പിക്ക് നന്ദി. ഇന്‍സ്റ്റന്റ് നൂഡിത്സൊക്കെ പോലെ റെഡിയാക്കി വെച്ചാല്‍ പിന്നെ കാര്യം എളുപ്പം അല്ലേ?

സമയം കിട്ടുമ്പോള്‍ കുറച്ച് അച്ചാര്‍ റെസിപ്പികളും കൂടി പോസ്റ്റോ?

പിന്മൊഴിയില്‍ കമന്റ് വന്നാലെന്താ? എല്ലാര്‍ക്കും കഴിക്കണം, പക്ഷെ ഭക്ഷണത്തെ പറ്റി പറയുന്ന കേട്ടാ ദേഷ്യം വരുമോ?

മൂങ് ദാല്‍ ഫ്രൈ ഉണ്ടാക്കി. ഫ്ലൈറ്റീന്ന് കിട്ടിയ പോലെ തന്നെ. വെരി വെരി താങ്ക്സ്. പടം പോസ്റ്റാം.

qw_er_ty

Inji Pennu said...

ഹായ്...ഇതൊക്കെ എനിക്ക് എത്രയും പെട്ടെന്ന് ട്രൈ ചെയ്യാന്‍ കൊതിയാവുന്നു! ഞാനെപ്പോഴും വിചാരിക്കുന്നതാണ് ഇത്പോലുള്ള ശരിയായ നല്ല തങ്കക്കുടം റെസിപ്പീസ് ഒക്കെ ആര്‍ക്കും അറിയാണ്ട് ഇങ്ങിനെ മണ്‍മറഞ്ഞ് പോവരുതെന്ന്.


അതുല്ല്യേച്ചി,പിന്നെ പിന്മൊഴിയില്‍ വരുത്തൂന്നേ, പ്ലീസ്. അല്ലെങ്കില്‍ ഞാന്‍ വിശ്വേട്ടനെ കൊണ്ട് പറയിപ്പിക്കണൊ? ശ്ശെടാ! ചീത്ത ഒന്നുമല്ലല്ലോ എഴുതണേ. ആര്‍ക്കും ഒരു പ്രശ്നനവുമില്ല. അപ്പൊ നളപാചകം ഒക്കെ പിന്മൊഴീല്‍ കൂടിത്തന്നെയല്ലേ വരുന്നത്...

Reshma said...

ഇതും പുതിയ അറിവ്. ഇങ്ങനെ ഒരു കറി ഉണ്ടായിട്ടാ നമ്മള്‍ നോര്‍ത്ത് ഇന്‍ഡ്യന്‍ ബൈഗന്‍ ബര്‍ത്ത കണ്ട് അന്തം വിട്ട് നിന്നേ?

അരവിന്ദ് :: aravind said...

കൊള്ളാം ചേച്ചീ.
പാചകക്കുറിപ്പുകള്‍‌ക്കു വേണ്ടി ഒരു ബ്ലോഗ് തുടങ്ങിയതു നന്നായി.

ചില റെസിപ്പികള്‍ ഞാനും പ്രതീക്ഷിക്കുന്നു.

ഫോര്‍ എ‌സ്കാമ്പിള്‍..പന്നി വരട്ടിയത്, പോത്ത് ഉരുട്ടിയത്, ചിക്കണ്‍ കമട്ടിയത്...

എല്ലാം പട്ടര്‍ സ്റ്റൈല്‍ ആയ്‌ക്കോട്ടെ..

;-))


ആശംസകള്‍.

ബിന്ദു said...

ഹായ്! വായില്‍ വെള്ളം വരുന്നു. :)

താര said...

അതുല്യേച്ചീ, ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കരുത്. ഇവിടെ സമയം നട്ടുച്ച. വിശന്ന് പൊരിയുന്നു. ഇപ്പൊ ഈ വഴുതനങ്ങാ പച്ചടി കിട്ടിയാ 2കപ്പ് അരീടെ ചോറുണ്ണും ഞാന്‍. എന്തായാലും ഉണ്ടാക്കി പരീക്ഷിച്ചിട്ട് തന്നെ.

പിന്നെ, ഈ വഴുതനങ്ങായില്‍ യാതൊരു ഗുണവുമില്ല എന്ന് കേള്‍ക്കുന്നല്ലോ. ശരിയാണോ?

താര said...
This comment has been removed by the author.
renuramanath said...

ആഹാ, കലക്കീ പുതിയ ബ്ലോഗ്. വഴുതിനങ്ങയും കലക്കി. എന്റെ അച്ഹന്റെ സ്പെഷല്‍ ഒരു വഴുതിനങ്ങാച്ചമ്മന്തിയുണ്ട്. വഴുതിനങ്ങ, ചുവന്നുള്ളി, ചുവന്ന മുളക്, ഇത്തിരി പുളി, ഇവകളെ കനലില്‍ ചുട്ട് ശരിപ്പെടുത്തുക. കനലില്ലെങ്കില്‍ ഗാസടുപ്പിലോ, ചീനച്ചട്ടിയിലോ ആവാം. ശേഷം എല്ലാം കൂടി അസ്സലായി ഉടച്ച് ചേര്‍ക്കുക. ലേശം വെളിച്ചെണ്ണയൊഴിക്കുക. അതുതന്നെ.

പിന്നെ, താരേ, ഒരു ഗുണവുമില്ലാത്ത ഒരു സാധനവും ഈ ഭൂമുഖത്തില്ല ! ഈ ലിങ്ക് നോക്കു. http://www.bawarchi.com/health/brinjal.html
ഒരു കാര്യം, ആയുര്‍വേദമനുസരിച്ച് വഴുതിനങ്ങ കഫം ഉണ്ടാക്കുമെന്നാണ്. പക്ഷെ, തൊലി ചുട്ടെടുത്താല്‍, ഈ കുഴപ്പം പരിഹരിക്കാമത്രെ.