Wednesday, December 13, 2006

ക്രിസ്മസ്സിനു ഒരു കേക്ക്‌

ഇത്‌ മുട്ട ചേര്‍ക്കാത്ത കുക്കറില്‍ ഉണ്ടാക്കാവുന്ന കേക്കാണു. ദുബായില്‍ വന്നിട്ട്‌ നമ്മടെ ബേക്കറികള്‍ പോലത്തെ കടകള്‍ ഒന്നും അധികം ഞാന്‍ കണ്ടില്ല. ഒന്നുകില്‍ വലിയക്കാട്ട ബേക്കിംഗ്‌ കടകള്‍ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ പൊതിഞ്ഞ കേക്കുകള്‍.(അമേരിക്കാന കമ്പനിയുടെത്‌ പോലെ) അത്‌ കൊണ്ട്‌ ചിലപ്പൊ ഒരു കേക്കിന്റെ മോഹം തോന്നുമ്പോ ചെയ്യുന്നതാണു.

ഓവനില്ല എന്റെ വീട്ടില്‍. ഞാന്‍ പണ്ട്‌ മുതലെ ഹാക്കിന്‍സ്‌ കുക്കറില്‍ ആണു ഉണ്ടാക്കാറു. അത്‌ കൊണ്ട്‌ തന്നെ ഒരു കൂട്ടാന്‍ വയ്കുന്ന ലാഘവത്തില്‍ ഇത്‌ ചെയ്യാം.കേക്കില്‍ മിക്കവാറും വലിയ പിഴവൊക്കെ വരുന്നത്‌ അതിന്റെ കാര്‍ക്കശ്യ സ്വഭാവമുള്ള അളവിലാണു. എന്നിരുന്നാലും, ഈ ഇഗ്ഗ്‌ ലെസ്സ്‌ ഇത്‌ വരെ വലിയ ചതി ചതിച്ചിട്ടില്ല.

3 ഗ്ലാസ്സ്‌ മൈദ മാവ്‌
2 ഗ്ലാസ്‌ പഞ്ചസാര(ഇത്‌ പൊടിയ്കുക,പക്ഷെ ദുബായിലെ പഞ്ചസാര നല്ല മിനുസം പൊടി തന്നെയാണു, അത്‌ കൊണ്ട്‌ ഞാന്‍ പൊടിയ്കാറില്ല)
6 സ്പൂണ്‍ ചെറുത്‌, കോക്കോ പൗഡര്‍.(ഞാന്‍ ആ വയലറ്റ്‌ കുപ്പിയില്‍ വരുന്ന കാഡ്ബറീസ്‌ ചോക്കളേറ്റ്‌ പൗഡറും ഇടാറുണ്ട്‌)
1 സ്പൂണ്‍ ഉപ്പ്‌
2 സ്പൂണ്‍ ബേക്കിംഗ്‌ സോഡ. ഞാന്‍ എപ്പോഴും ഒരു മാസത്തില്‍ കൂടുതല്‍ ബേക്കിംഗ്‌ സോഡ വാങ്ങി വയ്കില്ല. പഴയത്‌ ഉണ്ടെങ്കിലും എനിക്ക്‌ പേടിയാണു. അത്‌ കൊണ്ട്‌ പുതിയ പാക്കറ്റ്‌ വാങ്ങും, എപ്പോഴും. 3/4 ഗ്ലാസ്സ്‌ വെജിറ്റബിള്‍ Oil. (ഞാന്‍ കോണ്‍ ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്ലൗര്‍ ആണു ഇടാറു.) ബട്ടറോ മാര്‍ജറിനോ ഞാന്‍ ഇട്ട്‌ നോക്കിയട്ടില്ല.
2 സ്പൂണ്‍ പുളിച്ച തൈര്‍ (വാസ്തവത്തില്‍ ഇതാണു മുട്ടയുടെ ഗുണം ചെയ്യുന്നതെന്ന് തോന്നുന്നു. ഇതിനു പകരം വിനീഗറും ഒഴിയ്കാം)
2 കപ്പ്‌ സാദാ പച്ച വെള്ളം
2 സ്പൂണ്‍ വാനില്ല എസ്സന്‍സ്‌

ആദ്യമേ ഇതൊക്കെ സ്വരുക്കുട്ടി വച്ച ശേഷം, മിക്സ്‌ ചെയ്യുന്നതിനുമുമ്പ്‌, ഗ്യാസ്‌ കത്തിച്ച്‌ ഹാക്കിന്‍സ്‌ കുക്കര്‍, (എന്റേത്‌ 5 ലിറ്റര്‍ ആണു), അതിന്റെ അകത്ത്‌ കൊള്ളാവുന്ന ഒരു പരന്ന അലുമൂന്യ പാത്രം വേണം. ചെറിയ പാത്രമേ ഉള്ളു എങ്കില്‍ ഇതിന്റെ പകുതി റേഷ്യോവില്‍ എടുത്താ മതി.)

കുക്കര്‍ അടുപ്പത്ത്‌ നല്ല ചൂടില്‍ വയ്കുക. കുക്കറിണ്ടെ അകത്ത്‌ അല്‍പം മണലോ മണ്ണോ ഇടുക. (ഈ മണ്ണ്‍ അടുത്ത ആവശ്യത്തിനു കവറില്‍ ആക്കി വയ്കാന്‍ മറക്കണ്ട ദുബായി ക്കാരു.) ഒന്നും സംഭവിയ്കില്ല പേടിയ്കണ്ട. നല്ല ചൂടില്‍ 10 മിനിറ്റ്‌ വച്ച ശേഷം, ചെറുതാക്കുക തീ.

എന്നിട്ട്‌,ആദ്യം മാവും, പഞ്ചസാരയും കോക്കോവും, ബേക്കിംഗ്‌ സോഡയും, ഉപ്പും നല്ലവണ്ണം യോജിപ്പിയ്കുക. ക്ഷമയുണ്ടെങ്കില്‍ അരിപ്പയില്‍ 3 വട്ടം അരിച്ച്‌ യോജിപ്പിയ്കുക. ഞാന്‍ ചെയ്യാറില്ല. :(

ഇത്‌ യോജിപ്പ ശേഷം എണ്ണയും ഉപ്പും എസ്സെന്‍സും വെള്ളവും ഒക്കെ ഒന്നിച്ചാക്കി തവി കൊണ്ട്‌ തല്ലവണ്ണം പതച്ച്‌ യോജിപ്പിയ്കുക. ഒരു 2 മിനിറ്റ്‌ മതി.

അലുമൂനിയ പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി അല്‍പം മൈദ പടര്‍ത്തുക. എന്നിട്ട്‌ ഈ കേക്ക്‌ മിശ്രിതം അതിലേയ്ക്‌ ഒഴിയ്കുക. പകുതിയോളമേ ഉണ്ടാവാന്‍ പാടുള്ളു. പക്കട്‌ ഉപയോഗിച്ച്‌ ഈ പാത്രം കുക്കറിലേയ്ക്‌ വയ്കുക. എന്നിട്ട്‌ വെയിറ്റ്‌ ഇടാതെ കുക്കര്‍ അടയ്കുക.

മീഡിയം ചൂടില്‍ ഒരു 15/20 മിനിറ്റ്‌ വയ്കുക.

ഇതില്‍ നട്ടോ കിസ്സ്മിസ്സ്‌ ഒക്കെ ഇടണം എന്ന് ആഗ്രഹമുള്ളവര്‍ 7 മിനിറ്റ്‌ കഴിയുമ്പോ തുറന്ന് ഇടുക. ആദ്യമേ ഇട്ടാ, ഈ നട്ട്‌ ഒക്കെ കൂടെ പോയി അടിയില്‍ കൂടും, അത്‌ കൊണ്ടാണു നടുവില്‍ തന്നെ ഇരിയ്കാനായിട്ട്‌ പകുതി വേവില്‍ ഇടാന്‍ പറയുന്നത്‌.

പകുതി വേവുമ്പോള്‍ അല്‍പം ബീയര്‍ ഒഴിച്ചാ കൂടുതല്‍ മാര്‍ദവം ആകുമെന്ന് പറയുന്നു. ഞാന്‍ ചെയ്തിട്ടില്ലാ. ഊണു മേശേന്ന് ഇനി അടുപ്പത്തേയ്കും കൂടി ബിയര്‍ ഒഴിയ്കണ്ടാന്ന് കരുതിയാണു.

15 മിനിറ്റ്‌ കഴിയുമ്പോ സ്റ്റൗ അണച്ച്‌, ആറുന്ന വരെ കാത്ത, കേക്ക്‌ വെന്ത പാത്രം കമഴ്ത്തി കൊട്ടി മുറിച്ച്‌ വയ്ക്കുക.

കേക്ക്‌ എടുത്ത ശേഷവും ചരലിനു ചൂടുണ്ടാവും. അതിലേയ്ക്‌ കപ്പലണ്ടി ഇട്ട്‌ വച്ചാല്‍ നല്ലവണ്ണം പാര്‍ക്കിലോക്കെ പായ്കറ്റില്‍ കിട്ടുന്ന കപ്പലണ്ടി പോലെയുള്ള കപ്പലണ്ടി പോലെ കിട്ടും.

കഴിഞ്ഞാഴ്ച ഉണ്ടാക്കിയിരുന്നു. എന്റെ ക്യാമറ അടിച്ച്‌ പോയി. ആരെങ്കിലും ഒരു നല്ല ക്യാമറയുടെ മോഡല്‍ (1000 ദിര്‍ഹംസിനുള്ളില്‍) പറഞ്ഞ്‌ തന്നാ ഈ ദ്രോഹങ്ങളുടെ ഒക്കെ ഒരു ക്യാമറ പതിപ്പും കൂടി ഇടായിരുന്നു.

ഇനി സൂവിനു - മത്തങ്ങ കൊതിച്ചിയ്ക്‌- ഒരു സര്‍പ്രൈസ്‌, ഇത്‌ മൈദമാവിനു പകരം മത്തങ്ങ നല്ലവണ്ണം സ്ക്രേപ്പറില്‍ സ്ക്രേപ്പ്‌ ചെയ്തത്‌, 3 കപ്പിനും പകരം 5 കപ്പ്‌ എടുത്തും ഇത്‌ പോല തന്നെ ചെയ്യാം. പക്ഷെ ആദ്യത്തെ എല്ലാ പരീക്ഷണങ്ങളും ഞാന്‍ സ്പൂണ്‍ അളവിലോ കൈയ്യില്‍ അളവിലോ മാത്രമേ ചെയ്യൂ. (കളയാനുള്ള സ്ഥലം കുറവാ, ദുബായിലു).

അത്‌ കൊണ്ട്‌ ചെറിയ അളവില്‍ പരീക്ഷിയ്കുക എന്തും. ഇനി പഞ്ചസാരയും, മാവും, ബേക്കിംഗ്‌ പൗഡറുമൊക്കെ പല രാജ്യങ്ങളിലും പല ബ്രാന്‍ഡ്‌ ആണു. അത്‌ കൊണ്ട്‌ ഈ വക ഒക്കെ 1/2 തവണ ചെയ്യുമ്പോഴേ ഒരു സ്ലോട്ടില്‍ വീഴൂ.

അപ്പോ ഹാപ്പി ക്രിസ്മസ്സ്‌.

8 comments:

അതുല്യ said...

എളുപ്പത്തില്‍ ഒരു മുട്ടയില്ലാത്ത കുക്കര്‍ ക്രിസ്മസ്സ്‌ കേക്ക്‌...

സു | Su said...

അതുല്യേച്ചീ :) ഇത് ആരെങ്കിലും ബ്ലോഗില്‍ ഇടണം എന്ന് പറയാന്‍ ഇരിക്കുകയായിരുന്നു. ഞാന്‍ ശ്രമിച്ചിട്ടില്ല. ക്രിസ്മസ്സിന് ഇല്ലെങ്കില്‍ പുതുവര്‍ഷത്തില്‍ ഇത് പരീക്ഷിക്കും. നന്ദി.

Kalesh Kumar said...

മുട്ടയില്ലാ കേക്ക് റീമയെക്കൊണ്ടൊന്ന് ഉണ്ടാക്കിക്കണം.

Kalesh Kumar said...

മുട്ടയില്ലാ കേക്ക് റീമയെക്കൊണ്ടൊന്ന് ഉണ്ടാക്കിക്കണം.

asdfasdf asfdasdf said...

എന്തായാലും ഇതൊന്ന് ഉണ്ടാക്കി നോക്കണം. ഇന്നലെ ഒരു കേക്കുണ്ടാക്കാന്‍ ശ്രമിച്ച് കൂട്ടൊക്കെ കലക്കി ഓവനില്‍ വെച്ചു. എവിടെയോ ഒരു അക്ഷരപ്പിശക്. കേക്കിന് തകര്‍ക്കാ‍ന്‍ പറ്റാത്ത കരുത്ത്. വെട്ടുകത്തി വേണ്ടിവന്നു പീസ് പീസാക്കാന്‍

Anonymous said...

അതുല്യ ചേച്ചി: പ്ലംകേക്ക് ഉണ്ടാക്കാന്‍ പഠിപ്പിക്കോ?

ആഗ്ന

Mrs. K said...

എവിടെ പാല്‍ഗോവ? ഞാന്‍ കണ്ടില്ലല്ലോ.

മിന്നാമിന്നി said...

കുക്കര്‍ കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ ---മുന്നൂര്‍ ഗ്രാം
പഞ്ചസാര --- മുന്നൂര്‍ ഗ്രാം
വെണ്ണ ---മുന്നൂര്‍ ഗ്രാം
മുട്ട ---മൂന്നെണ്ണം
വാനില എസ്സെന്‍സ് ---അഞ്ചു തുള്ളി
അപ്പകാരം ---ഒരു ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം ----

മുട്ടയും പഞ്ചസാരയും എഗ്ഗ് ബീറ്ററിലോ,മിക്സിയിലോ ഇട്ട് ബീറ്റ്‌ ചെയ്യുക.പിന്നീട് വെണ്ണയും എസ്സെന്സും ചേര്‍ത്ത് ബീററ് ചെയ്യുക.അവസാനം മൈദയും അപ്പകാരവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക.ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ്‌ ചൂടാക്കുക.ശേഷം ഒരു അലുമിനിയ പത്രമോ സ്റ്റീല്‍ പത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക.കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്.ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കരിലേക്ക് ഇറക്കി വെക്കുക.കുക്കരിനടിയില്‍ ഒരു തട്ടോ മൂടിയോ ഇടുന്നത് നന്നായിരിക്കും.ചെറുതീയില്‍ മുക്കാല്‍ മന്നിക്കൂര്‍ വേവിക്കുക.ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്കുക.കുക്കരിന്‍റ വെയിറ്റ് ഇടരുത്.മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു തീ ഓഫാക്കുക.അഞ്ചു മിനിറ്റ്‌ കഴിഞ്ഞു കുക്കര്‍ തുറന്നു ചോക്കലേറ്റ്‌ ക്രീം കൊണ്ട് അലങ്കരിചു വിളമ്ബുക.വീട്ടില്‍ ഓ വനില്ലെന്നുള്ള പ്രയാസവും ഇപ്പൊ മാറി കാണും അല്ലെ.ഈസി കുക്കര്‍ കേക്ക് എല്ലാരും ഉണ്ടാക്കി നോക്കണേ....